
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുൾപ്പെടെയുള്ള സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് തോൽവിയുൾപ്പെടെ ചർച്ചയായേക്കും. പാർട്ടിയിൽ നിന്ന് ചോർന്ന വോട്ടിൻ്റെ വലിയൊരു ശതമാനം ബിജെപിയിലേക്ക് പോയത് ഗുരുതര പ്രശ്നമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. തോൽവിക്ക് പിന്നാലെ പാർട്ടിയുടെ നയങ്ങളിൽ സൂക്ഷ്മപരിശോധനയും സ്വയം വിമർശനവും വേണമെന്ന മുതിർന്ന നേതാക്കളിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും ഒരുപോലെ ആവശ്യം ഉയരുന്നതിനിടെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരാൻ തീരുമാനിച്ചത്.
ഭരണ വിരുദ്ധ വികാരമാണ് ഇത്തരത്തിലൊരു തോൽവിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ കാര്യത്തിലും യോഗത്തിൽ ചർച്ച നടന്നേക്കും. തെറ്റുതിരുത്തൽ നടപടികൾക്കുള്ള മാർഗരേഖയുടെ കരട് തയ്യാറാക്കും. യോഗത്തിൽ നേതാക്കളിൽ നിന്നും വലിയ വിമർശനമുയരാനും സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാൻ സാധിച്ചത്. ബാക്കി എല്ലാ സീറ്റുകളിലും പാർട്ടിക്ക് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പാർട്ടി ഗ്രാമങ്ങളിൽ പോലും സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
മൂന്ന് ദിവസത്തെ സംസ്ഥാന സമിതി യോഗത്തിന് ശേഷം വീണ്ടും സെക്രട്ടറിയേറ്റ് യോഗം ചേരും. തിരുത്തൽ നടപടികൾക്ക് അന്തിമ രൂപം നല്‍കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നായിരിക്കും. സംസ്ഥാന സമിതിയുടെ കൂടെ അഭിപ്രായം കേട്ട ശേഷമായിരിക്കും മാർഗരേഖ അന്തിമമാക്കുന്നത്.